---
title: "കോയമ്പത്തൂരിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Huge drug bust in Coimbatore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61040/Huge drug bust in Coimbatore"
published_at: "2022-08-11T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4f5cd1f966_Screenshot_20220811-175208.png"
keywords: []
---

# കോയമ്പത്തൂരിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** **കോയമ്പത്തൂർ: **കോയമ്പത്തൂരിലും സേലത്തും വന്‍ മയക്കുമരുന്നുവേട്ട. പിടിയിലായവരില്‍ മലയാളി വിദ്യാര്‍ഥികളും ഉള്‍പെടുന്നതായി പൊലീസ്.

## Article Content

**കോയമ്പത്തൂർ: **കോയമ്പത്തൂരിലും സേലത്തും വന്‍ മയക്കുമരുന്നുവേട്ട. പിടിയിലായവരില്‍ മലയാളി വിദ്യാര്‍ഥികളും ഉള്‍പെടുന്നതായി പൊലീസ്.

കോയമ്ബത്തൂരിലെ സായിബാബ കോളനിക്ക് സമീപം എം ജി ആര്‍ മാര്‍കറ്റില്‍ നടത്തിയ പരിശോധനയില്‍ 21 കിലോ കഞ്ചാവും 2,40,000 രൂപയും കടത്താന്‍ ഉപയോഗിച്ച ആഡംബരക്കാറും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ തിരുപ്പൂര്‍ സ്വദേശി വീരശിവകുമാര്‍ (55), നീലഗിരി സ്വദേശി കാര്‍ത്തിക് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ സെങ്കോല്‍നാഥന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ ആഡംബരക്കാര്‍ എറെനേരം ഒരേസ്ഥലത്തുതന്നെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നി കാര്‍ പരിശോധിക്കുകയായിരുന്നു. നിര്‍ത്തിയിട്ട കാറില്‍ ഏജന്റുമാര്‍ക്ക് കഞ്ചാവ് നല്‍കാനുള്ള ശ്രമത്തിലായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. മധുര, തേനി ഭാഗങ്ങളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കോയമ്ബത്തൂരില്‍ വില്‍ക്കുന്ന വലിയ റാകറ്റില്‍പ്പെട്ടവരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.

രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സേലത്ത് നടത്തിയ മയക്കുമരുന്ന് പരിശോധനയില്‍ മയക്കു മരുന്ന് വില്‍പന നടത്തിയ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ പത്തനംതിട്ടയിലെ ഫിലിപ് (23), അമല്‍ (20), തേനി ആണ്ടിപ്പട്ടിയിലെ വിഘ്‌നേഷ്‌കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. വീരപാണ്ടി, ആട്ടയാംപട്ടി എന്നിവിടങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വില്‍പന നടത്തുന്നവരെ പിടികൂടാന്‍ പൊലീസ് സൂപ്രണ്ട് അഭിനവ് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആട്ടയാംപട്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിന്നശീരകാപാടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന വിദ്യാര്‍ഥികളാണ് മറ്റ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

മൂന്നുപേരും ബംഗ്ലൂറിലെ സംഘത്തില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൂടിയ വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുകയാണെന്നും കണ്ടെത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61040/Huge drug bust in Coimbatore)